റിയാദ്: കാത്തിരിപ്പുകള്‍ക്ക് ആനന്ദക്കണ്ണീരാൽ വിരാമം. സൗദി അറേബ്യയില്‍ എത്തിയതിന്റെ മൂന്നാം വര്‍ഷം, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പ്രൊ ലീഗ് ഫുട്ബോള്‍ കിരീടം.
2025-26 സീസണിലെ അവസാന ലീഗ് പോരാട്ടത്തില്‍ 4-1നു ഡമാക് ക്ലബ്ബിനെ കീഴടക്കിയാണ് അല്‍ നസര്‍ എഫ്സി ചാമ്പ്യന്മാരായത്. മത്സരത്തില്‍ ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിളങ്ങിയതും കിരീനേട്ടത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു. 63, 81 മിനിറ്റുകളിലായിരുന്നു സിആര്‍7ന്റെ ഗോളുകള്‍. സാദിയൊ മാനെ (34), കിംഗ്സ്ലി കോമാന് (52) എന്നിവരുടെ വകയായിരുന്നു മറ്റുഗോളുകള്‍.
അല്‍ നസര്‍ എഫ്സി സൗദി പ്രൊ ലീഗ് കിരീടം സ്വന്തമാക്കുന്നത് 11-ാം തവണ. 2018-19 സീസണിലായിരുന്നു ക്ലബ് അവസാനമായി സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായത്. 34 മത്സരങ്ങളില്‍നിന്ന് 86 പോയിന്റുമായി അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതു. 84 പോയിന്റ് നേടിയ അല്‍ ഹിലാല്‍ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്.
കണ്ണീരണിഞ്ഞ് സിആര്‍7
മത്സരത്തിന്റെ 87-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കോച്ച് ഹൊര്‍ഹെ ജീസസ് തിരിച്ചുവിളിച്ചു. മത്സരത്തിന്റെ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന റൊണാള്‍ഡോയുടെ കണ്ണുനിറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും സൗദി പ്രൊ ലീഗ് അടക്കമുള്ള സുപ്രധാന ട്രോഫികള്‍ സ്വന്തമാക്കാന്‍ സാധിക്കാതിരുന്നതിന്റെ സമ്മര്‍ദമായിരുന്നു റൊണാള്‍ഡോയുടെ കണ്ണീരിലൂടെ അവസാനിച്ചത്.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍നിന്ന് പിണിങ്ങിപ്പിരിഞ്ഞ്, 2023 ജനുവരി മുതല്‍ അല്‍ നസറില്‍ എത്തിയ റൊണാള്‍ഡോയ്ക്ക് 2023 അറബ് ക്ലബ് ചാമ്പ്യന്‍ഷില്‍ ക്ലബ്ബിനെ എത്തിക്കാനേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. 2022-23ലും 2023-24ലും രണ്ടാം സ്ഥാനത്തും 2024-25 സീസണില്‍ മൂന്നാം സ്ഥാനത്തുമായിരുന്നു അല്‍ നസര്‍.
സൗദിയും കീഴടക്കി
പ്രഫഷണല്‍ കരിയറില്‍ റൊണാള്‍ഡോയുടെ 35-ാം ട്രോഫിയാണ്. കരിയര്‍ ആരംഭിച്ച സ്പോര്‍ട്ടിംഗ് സിപിക്കൊപ്പം മാത്രമേ ലീഗ് കിരീട നേട്ടം സ്വന്തമാക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കാതെയുള്ളൂ. കൗമാരത്തില്‍ സ്പോര്ട്ടിംഗിനുവേണ്ടി വെറും 31 മത്സരങ്ങള്‍ മാത്രമേ റൊണാള്‍ഡോ കളിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയം. പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും സ്പെയിനിലെ റയല്‍ മാഡ്രിഡിലും ഇറ്റലിയിലെ യുവന്റസിലും ഇപ്പോള്‍ സൗദിയിലും 41കാരനായ റൊണാള്‍ഡോയ്ക്കു ലീഗ് കിരീടം സ്വന്തം.
റൊണാള്‍ഡോ അല്‍ നസറില്‍ എത്തിയതോടെയാണ് സൗദി പ്രൊ ലീഗിന്റെ തിളക്കം വര്‍ധിച്ചത്. പിന്നാലെ കരിം ബെന്‍സെമ, നെയ്മര്‍, സാദിയൊ മാനെ, ജാവൊ ഫിലിക്സ്, കിംഗ്സ്ലി കോമാന്, എന്‍ഗോളൊ കാന്റെ, റോബര്‍ട്ടോ ഫിര്‍മിനൊ എന്നിങ്ങനെ വന്‍താരങ്ങള്‍ സൗദിയിലേക്ക് എത്തി. റൊണാള്‍ഡോ എത്തിയിട്ടും കിരീടം നേടാന്‍ സാധിക്കാതിരുന്നതായിരുന്നു അല്‍ നസറിന്റെ പ്രശ്നം.
വിവാദം, കിരീടം
2025-26 സീസണില്‍ ലീഗ് അധികൃതരുമായി റൊണാള്‍ഡോ നേരിട്ട് ഏറ്റുമുട്ടി. സീസണില്‍ മികച്ച താരങ്ങളെ സ്വന്തമാക്കാന്‍ അല്‍ നസറിനായി സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) അനുവദിക്കുന്നില്ലെന്നതായിരുന്നു റൊണാള്‍ഡോയുടെ പരാതി. പ്രതിഷേധിച്ച് ലീഗിലെ രണ്ട് മത്സരങ്ങളില്‍നിന്ന് റൊണാള്‍ഡോ വിട്ടുനിന്നതും ചര്‍ച്ചയായി. എല്ലാത്തിനും ഒടുവില്‍ മുറിവുകളില്‍ തേന്‍പുരട്ടി സൗദി പ്രൊ ലീഗ് അല്‍ സിആര്‍7ന്റെ കൈകളില്‍ വിശ്രമിച്ചു.